loading

ജീവന്റെ നിലനില്‍പ്പിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ലവണങ്ങളിലോന്നാണ് സോഡിയം. രക്തത്തിലെ ലവണാംശം നിലനിര്‍ത്തുന്നതില്‍ സോഡിയം നിര്‍ണ്ണായക ഘടകമാണ്. കോശങ്ങള്‍ക്ക് പുറത്തുള്ള ജലത്തിലെ ഏറ്റവും പ്രധാനപെട്ട ലവണവും സോഡിയമാണ്.  

രക്തത്തിൽ സോഡിയം കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോനട്രീമിയ. രക്തത്തിൽ സോഡിയത്തിന്റെ അളവ് 135mmol\ltr ൽ കുറഞ്ഞാൽ ഈ അവസ്ഥയുണ്ടെന്ന് നിർണയിക്കാം. നേരിയ തോതിലുള്ള സോഡിയം കുറവിന് പ്രത്യേക ലക്ഷണങ്ങളൊന്നും ഉണ്ടാവുകയില്ല. തലവേദന, ഓക്കാനം, മയക്കംവരൽ, ക്ഷീണം, അമ്പരപ്പ്, പേശീവേദന മുതലായവയാണ് ഹൈപ്പോനട്രീമിയയുടെ സാധാരണ ലക്ഷണങ്ങൾ.

ഗുരുതരമായ രീതിയിൽ സോഡിയം കുറഞ്ഞുപോയാൽ മാനസിക വിഭ്രാന്തി, ശ്രദ്ധക്കുറവ്, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. നേരിയ തോതിൽ സോഡിയം  കുറയുന്നതിന് ചികിത്സ വേണ്ടിവരാറില്ല. ഭക്ഷണത്തിനോടൊപ്പം ഉപ്പിട്ട കഞ്ഞിവെള്ളം, മോരുംവെള്ളം, നാരങ്ങവെള്ളം മുതലായവ ഫലപ്രദമാണ്.

ശരീരത്തിനാവശ്യമായ സോഡിയം ഏറിയ പങ്കും ലഭിക്കുന്നത് കറിയുപ്പിലൂടെയാണ്. മത്സ്യം, മാംസം, മുട്ട, പാൽ, പാൽ ഉത്പന്നങ്ങൾ, റൊട്ടി എന്നിവയാണ് മറ്റ് സ്രോതസ്സുകൾ.

ശരീരത്തിൽ എത്തിപ്പെടുന്ന സോഡിയം വിയർപ്പിലൂടെയും മൂത്രത്തിലൂടെയും നഷ്ടപ്പെടുന്നു. ആരോഗ്യമുള്ള വൃക്കകൾ മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന സോഡിയത്തിന്റെ അളവ് നിയന്ത്രിക്കും. അതിസാരം മൂലം ശരീരത്തിൽ നിന്ന് ജലാംശവും ഒപ്പം ലവണാംശവും നഷ്ടപ്പെടുമ്പോൾ കുടിക്കാനായി ഉപ്പും പഞ്ചസാരയും ചേർത്ത് തയ്യാറാക്കുന്ന പാനീയം നൽകുന്നതാണ് ഉത്തമം. വെയിലത്ത് പണിയെടുക്കുമ്പോഴോ അമിതമായി വ്യായാമം ചെയ്യുമ്പോഴോ വിയർപ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയവും നഷ്ടപ്പെടാനിടയുണ്ട്. അങ്ങനെയുള്ളപ്പോൾ ഉപ്പുചേർത്ത പാനീയങ്ങളാണ് ധാരാളം കുടിക്കേണ്ടത്.

ദീര്‍ഘകാലമായി കിടപ്പിലായ രോഗികളിലും സോഡിയത്തിന്റെ അളവ് കുറയാറുണ്ട്. തലച്ചോറിന്‍റെ പ്രവര്‍ത്തന വൈകല്യം മൂലം മൂത്രത്തില്‍ കൂടി സോഡിയം നഷ്ടപെടുന്നതാണ് ഇതിന് കാരണം.

47 Comment

Write a Reply or Comment

Your email address will not be published. Required fields are marked *