ആയുസ്സിന്‍റെ വേദമായ ആയുർവദം ജീവിതത്തിന്‍റെ ശാസ്ത്രമാണ്. അതായത്, മനസ്സ്, ശരീരം, ആത്മാവ്, ആരോഗ്യം എന്നിവയിൽ അധിഷ്ഠിതമായ ശാസ്ത്രം. ആയുർവേദ വിധിപ്രകാരം ശാരീരികവും മാനസികവുമായ സമദോഷാവസ്ഥ യിലാണ് ഒരു മനുഷ്യൻ ആരോഗ്യവാനായിരിക്കുന്നത്.
ഗർഭാശയത്തിനുള്ളിലെ ജീവിതത്തിന്റെ അഞ്ചാം മാസത്തിലാണ് മനസ്സ് വികസിക്കുന്നത്. മനസ്സ് ആത്മാവിനെ ബോധവാന്മാരാക്കുകയും ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരാക്കുകയും വികാരങ്ങളുടെ ധാരണയ്ക്ക് ഉത്തരവാദിയാക്കുകയും ചെയ്യുന്നു.
പുരാതന ഇന്ത്യൻ വൈദ്യശാസ്ത്ര സമ്പ്രദായമായ ആയുർവേദം എല്ലായ്പ്പോഴും മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തിന് ശക്തമായ ഊന്നൽ നൽകിയിട്ടുണ്ട്. അലോപ്പതി രോഗ ലക്ഷണങ്ങളെ ചികിത്സിക്കുമ്പോൾ ആയുർവേദം രോഗകാരണത്തെയാണ് സമഗ്രമായി ചികിത്സിക്കുന്നത്.
മനസ്സ് മൂന്ന് പ്രായോഗികഘടകങ്ങൾ ചേർന്നതാണ്. സത്വം, രജസ്സ്, തമസ്സ്. ഇവയെ ഗുണങ്ങൾ എന്നും വിളിക്കുന്നു. ഈ ഗുണങ്ങളാണ് ഒരു മനുഷ്യന്‍റെ സ്വഭാവം അഥവ ‘സത്വം’ നിർണ്ണയിക്കുന്നത്. നല്ല ഗുണങ്ങളുടെ സംയോഗമായ ‘സത്വം’- ആത്മനിയന്ത്രണം, അറിവ്, ശരി തെറ്റുകളുടെ വേർതിരിച്ചറിയൽ തുടങ്ങിയവ ഉൾക്കൊള്ളുന്നു. രജോഗുണപ്രകാരം ചലനം, ഹിംസ, അസൂയ, അധികാരം, ആഗ്രഹം, ആശങ്ക തുടങ്ങിയ സ്വഭാവങ്ങളും തമോഗുണപ്രകാരം മന്ദത, നിഷ്‌ക്രിയത, ആലസ്യം, അലസത, ഉറക്കം, മയക്കം തുടങ്ങിയവയും ഉണ്ടാവുന്നു.
ഇതിൽ രജോഗുണവും തമോഗുണവും മനോദോഷങ്ങളുടെ പട്ടികയിലാണ് പെടുന്നത്. സത്വ രജോ തമോഗുണങ്ങളിലുണ്ടാവുന്ന അസന്തുലിതാവസ്ഥ മാനസികപ്രശ്‌നങ്ങൾക്ക് (മനോവികാരം) കാരണമാകുന്നു.